അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം തുടരുന്നതിനിടെ പരമ്പരാഗത വള്ളങ്ങൾക്ക് കൊഴുവ ചാകര. തോട്ടപ്പള്ളി ഹാർബറിൽ നിന്നടക്കം ഇന്നലെ മത്സ്യബന്ധനത്തിന് പോയ ബീഞ്ച്, നീട്ടുവല വള്ളങ്ങൾക്കാണ് സുലഭമായി കൊഴുവ ലഭിച്ചത്. 50 കുട്ട വരെ ലഭിച്ച വള്ളങ്ങളുണ്ട്. ആദ്യം കിലോയ്ക്ക് 60 രൂപയ്ക്കും പിന്നീട് 40 രൂപയ്ക്കുമാണ് ലേലം നടന്നത്.
നീട്ടുവലക്കാർക്കാണ് രുചിയേറിയ നെയ്മത്തി ലഭിച്ചത്. കിലോയ്ക്ക് 240 രൂപയായിരുന്നു മൊത്തവില. ചെറുകിട വിപണിയിലെത്തുമ്പോൾ 350 രൂപയോളം വിലവരും. ട്രോളിംഗ് നിരോധന കാലയളവാണ് പരമ്പരാഗത വള്ളക്കാരുടെപ്രതീക്ഷക്കാലം. ചെമ്മീൻ, മത്തി,അയല,കണവ തുടങ്ങിയ മീനുകളാണ് ലഭിക്കുക. നല്ല വിലയും ലഭിക്കും.
എന്നാൽ അടിക്കടി മാറുന്ന കാലാവസ്ഥ യും കടലാക്രമണവും ഇക്കുറി തിരിച്ചടിയായി. കടലിൽ പോയ ഭൂരിഭാഗം ദിവസങ്ങളിലും ഇന്ധനച്ചെലവും അധ്വാനവും മിച്ചമായതല്ലാതെ പൊടിമീൻപോലും കിട്ടിയില്ല . ചാകര പ്രതീക്ഷയിൽ ജില്ലയുടെ നാനാ ഭാഗത്തുനിന്നും നൂറു കണക്കിനു വള്ളങ്ങളാണ് തോട്ടപ്പള്ളി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്.
ഹാർബറിന്റെ ആഴക്കുറവും വിസ്തൃതിയില്ലായ്മയും മൂലം വള്ളങ്ങൾ കൂട്ടിയിടിക്കുന്ന സ്ഥിതിയാണ്.ഏറെ ദുരിതം സഹിച്ചാണ് വള്ളത്തിൽ നിന്ന് മീൻ കുട്ടയിലാക്കി കരയ്ക്കെത്തിക്കുന്നത്. എന്തായാലും അടുത്ത കാലവർഷത്തിനു മുമ്പ് കടൽ ശാന്തമായി കൂടുതൽ മത്സ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് വള്ളമുടമകൾ.